സ്ഥാപന ചരിത്രം
പോരൂര്‍ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ പോരൂര്‍ പഞ്ചായത്ത്. പോരൂര്‍ ശിവക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരില്‍ നിന്നും കൈമാറിവന്ന ഐതീഹ്യം. കാടു വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലില്‍ നിന്നും ക്രമാതീതമായി പുക ഉയര്‍ന്നു എന്നും അങ്ങിനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തില്‍ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരന്” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതീഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികള്‍. എടപ്പുലം പള്ളിക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്. പ്രസിദ്ധമതപണ്ഡിതനും, ആദരണീയനുമായ പൊറ്റയില്‍ മാനുമുസ്ള്യാര്‍ ഇവിടുത്ത ഖാസി(പുരോഹിതന്) ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിന് ഈ ഗ്രാമം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാമനാട്ടുകരക്കാരനായ കൃഷ്ണ മേനോനാണ് ഇവിടെ ദേശീയ പ്രസ്ഥാനത്തിന്റെ വിത്തു പാകിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്കാലത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. 1921-ലെ മലബാര്‍ ലഹളയോടെ പൊട്ടിത്തെറിച്ച ജന്മി കുടിയാന് ബന്ധത്തിന്റെ ഒരു ഉപോല്പ്പന്നമാണ് 1929-ലെ മലബാര്‍ കുടിയായ്മ നിയമം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഭൂവുടമാ സമ്പ്രദായത്തിലെ സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കും നാന്ദി കുറിച്ചത് മലബാര്‍ ലഹളയായിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അധികാര ദുര്‍വിനിയോഗത്തിനും, അഴിമതിക്കും, താന്തോന്നിത്തത്തിനുമെതിരെ ജനങ്ങള്‍ അക്കാലത്തു തന്നെ ശക്തിയായി പ്രതികരിച്ചതിന് മറ്റു ധാരാളം തെളിവുകളുമുണ്ട്. 1963-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തുബോര്‍ഡ് അധികാരത്തില്‍ വന്നത്. പാരമ്പര്യചികിത്സാരംഗത്തും ജ്യോതിഷരംഗത്തും ചാത്തങ്ങോട്ടുപുറം പുറംനാടുകളിലും അറിയപ്പെടുന്ന പ്രദേശമാണ്. ഉണ്ണിക്കുട്ടി വൈദ്യര് പഴയ കാലത്ത് ഈ പ്രദേശത്തെ പ്രധാന ആയുര്‍വദ വൈദ്യനായിരുന്നു. ആ വൈദ്യ പാരമ്പര്യം പ്രസ്തുതകുടുംബം ഇന്നും നിലനിര്‍ത്തുന്നു. പ്രസിദ്ധ വേദപണ്ഡിതനായിരുന്ന കാഞ്ഞിരത്ത് മണ്ണഴി കേശവന് നമ്പൂതിരി കേള്‍വികേട്ട, പേപ്പട്ടിവിഷ ചികിത്സകന് കൂടിയായിരുന്നു. പോരൂര്‍ഭാഗത്ത് നാട്ടുചികിത്സാരംഗത്ത് പേരെടുത്ത വൈദ്യന്മാരായിരുന്നു മൊടപ്പിലാശ്ശേരി കുഞ്ഞന്‍വൈദ്യര്‍, പോരൂര്‍ അയ്യപ്പന് വൈദ്യര് എന്നിവര്‍. പരിശുദ്ധ ഖുര്‍-ആന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ആദരണീയ വ്യക്തിയായ അമാനത്ത് മുഹമ്മദ് അമാനി മൌലവി ഈ നാട്ടുകാരനാണ്.
സാംസ്കാരികചരിത്രം
പോരൂര്‍ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ പോരൂര്‍ പഞ്ചായത്ത്. പോരൂര്‍ ശിവക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരില്‍ നിന്നും കൈമാറിവന്ന ഐതീഹ്യം. കാടു വെട്ടിത്തെളിയിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലില്‍ നിന്നും ക്രമാതീതമായി പുക ഉയര്‍ന്നു എന്നും അങ്ങിനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തില്‍ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരന്” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതീഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. പുരാതനമായ അച്ചത്ത് നായര്‍ തറവാട്ടിലെ ഒരു കാരണവര്‍ (പൈക്കാട്ട് നായരാണെന്നും പറയുന്നുണ്ട്) അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പതിവുദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യത്താല്‍ തനിക്കിനി ഇവിടെ വന്ന് ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്ന് ദേവിയോട് മനമുരുകി പറഞ്ഞു തിരിച്ചു പോരുമ്പോള്‍ തിരുമാന്ധാംകുന്ന് ഭഗവതി അദ്ദേഹത്തിന്റെ ഓലക്കുടപ്പുറത്തു കയറി കൂടെ വന്നുവെന്നും അന്ന് ശാസ്താക്ഷേത്രമായിരുന്ന ഇപ്പോഴത്തെ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ശാസ്താവിനെ അപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് പ്രസ്തുതക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. ശാസ്താവിനെ അങ്ങോട്ടു പുറത്തേക്ക് മാറ്റി കുടിയിരുത്തിയതിനാല്‍ “ശാസ്താവങ്ങോട്ടുപുറം” എന്ന പേരു വരുകയും, പിന്നീടതു ലോപിച്ച് “ചാത്തങ്ങോട്ടുപുറം” ആയിത്തീര്‍ന്നുവെന്നുമാണ് നാട്ടറിവ്. ഭഗവതി കുടയുടെ പുറത്തു കയറി എഴുന്നള്ളിയതിന്റെ അടയാളമായി ക്ഷേത്രത്തിലെ ഉത്സവദിവസങ്ങളില്‍ പ്രധാന ചടങ്ങായി “കുടയെഴുന്നള്ളിപ്പ്” ഇന്നും നടന്നുവരുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു മാറി രവിമംഗലം എന്ന ഒരു ഗ്രാമമുണ്ട്. ഇവിടെയുള്ള സുപ്രസിദ്ധമായ വിഷ്ണുക്ഷേത്രത്തില്‍ രവിയുടെ (സൂര്യന്) അംശമുള്ള വിഷ്ണുവായതിനാല്‍ രവിമംഗലം എന്ന പേര് വന്നു എന്നൂഹിക്കപ്പെടുന്നു. കുംഭമാസത്തിലെ പുണര്‍തം നാള് തുടങ്ങി ചിത്ര ആറാട്ടോടുകൂടി 8 ദിവസത്തെ ഉത്സവം വിവിധ പരിപാടികളോടെ പോരൂര്‍ ശിവക്ഷേത്രത്തില്‍ നടത്തിവരുന്നു. പഴയ പോരൂര്‍ അംശത്തിന്റെ ദേശീയോത്സവമായി ഇതിനെ കണക്കാക്കിയിരുന്നു. പോരൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രംവിളക്ക് ആഘോഷം പ്രൌഢഗംഭീരമാണ്. ചാത്തങ്ങോട്ടുപുറം താലപ്പൊലി പ്രധാനമായും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. താലപ്പൊലിക്കു ശേഷമാണ് പുതുവര്‍ഷത്തെ കൃഷിപ്പണിയും, കാലി മേയല്‍ പോലും അതിനു ശേഷം മാത്രമാണ് തുടങ്ങുന്നത്. താലപ്പൊലിയൊടനുബന്ധിച്ച് കാളക്കണ്ടത്തില്‍ വെച്ചുനടക്കുന്ന തല്ല് പ്രസിദ്ധമാണ്. പാരമ്പര്യാനുഷ്ഠാനമായ ഈ ചടങ്ങില്‍ പരാതിയോ പോലീസ് ഇടപെടലൊ ഉണ്ടാകാറില്ല. മദ്യനിരോധനനിയമം ഉണ്ടായിരുന്ന കാലത്തുപോലും താലപ്പൊലി ദിവസം ഇവര്‍ക്ക് മദ്യപിക്കാമായിരുന്നു. മതമൈത്രയുടെ പ്രകടമായ ഒരടയാളവും താലപ്പൊലിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. എഴുന്നള്ളത്തിന്റെ മുന്നില്‍ ഒരു തലേക്കെട്ടുകാരന്‍ (മുസ്ളീം) നടക്കണം. മുണ്ടയില്‍ തറവാട്ടുകാരാണ് ഇതുചെയ്തിരുന്നത്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികള്‍. എടപ്പുലം പള്ളിക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്. പ്രസിദ്ധമതപണ്ഡിതനും, ആദരണീയനുമായ പൊറ്റയില്‍ മാനുമുസ്ള്യാര്‍ ഇവിടുത്ത ഖാസി(പുരോഹിതന്) ആയിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് പോരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955 ഡിസംബര്‍ 30-ാം തീയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 34.86 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വണ്ടൂര്‍, തിരുവാലി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് വണ്ടൂര്‍, കാളികാവ് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. പോരൂര്‍ ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ 25631 ആണ്. ഇതില്‍ 12406 പേര് സ്ത്രീകളും 13225 പേര് പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാനിരക്ക് 88.26 ശതമാനമാണ്.ഭൂപ്രകൃതി അനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് പോരൂര്‍. കുന്നിന്‍പ്രദേശങ്ങളും താഴ്വരകളും നെല്‍വയലുകളും ചേര്‍ന്ന ഭൂപ്രകൃതിയോടു കൂടിയ ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കവുങ്ങ് എന്നിവയാണ്. ഉപരിതല ജലസ്രോതസ്സായ 14 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. കൊലേടിയന് കുന്ന്, കല്ലുമല എന്നിവ പഞ്ചായത്തിന്റെ പ്രധാന കുന്നുകളാണ്. പഞ്ചായത്തില്‍ സ്വകാര്യ കിണറുകളെ കൂടാതെ 303 പൊതുകിണറുകളും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിലെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 388 തെരുവുവിളക്കുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. കല്ലുമല പഞ്ചായത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്.കരിപ്പൂര്‍ വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. തൊടികപ്പുലം, വാണിയമ്പലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള തുറമുഖം. വണ്ടൂര്‍ ബസ് സ്റ്റാന്റ്, പാണ്ടിക്കാട് ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് ഊട്ടി-നിലമ്പൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാത.പോരൂര്‍ പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്.ചെറുകോടാണ് പഞ്ചായത്തിലെ വ്യാപാര കേന്ദ്രം.വിവിധ മതക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രവിമംഗലം മഹാവിഷ്ണുക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, പോരൂര്‍ ശിവ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. എടപ്പുലം ജുമാമസ്ജിദ്, തൊടികപ്പുലം ജുമാ അത്ത് പള്ളി, എരഞ്ഞിക്കുന്ന് ജുമാമസ്ജിദ്, കോട്ടക്കുന്ന് ജുമാമസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട മുസ്ളിം പള്ളികള്‍. ചാത്തങ്ങോട്ടുപുറം താലപ്പൊലി ഉത്സവം പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ്.മമ്മുമൌലവി (ഉപ്പുസത്യാഗ്രഹം), പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പി.കെ.ശങ്കരവാര്യര് എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായിരുന്നു. സ്വാതന്ത്ര്യസമരസേനാനി പി.എന്‍.നമ്പീശന്, ചെണ്ടവാദ്യ വിദഗ്ദന് പോരൂര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്.ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം പോരൂരില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി ആശുപത്രികളും പഞ്ചായത്തില്‍ ഉണ്ട്. വണ്ടൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ ആംബൂലന്‍സ് സേവനം പഞ്ചായത്തിലും ലഭ്യമാണ്.മൃഗാശുപത്രി വകുപ്പിനു കീഴില്‍ ഒരു മൃഗാശുപത്രി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.2010-ല്‍ എത്തിനില്ക്കുമ്പോള് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി 13 സ്കൂളുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി അംഗന്‍വാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മാനുമുസ്ളിയാര് സ്മാരക അനാഥ അഗതി മന്ദിരം (യത്തീംഖാന) പഞ്ചായത്തിലെ ഒരു പ്രധാന സാമൂഹ്യസ്ഥാപനമാണ്.പോരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, എസ്.എം.ജി.ബാങ്കും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ബാങ്കിംഗ് സ്ഥാപനങ്ങളാണ്.ചെറുകോട് കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി സ്മാരക വായനശാല, പോരൂര്‍ ജനകീയ വായനശാല, പൂത്രക്കോവ് കേശവന് സ്മാരക വായനശാല, അയനിക്കോട് ജ്ഞാനോദയം വായനശാല, ചേരിപ്പറമ്പ് പ്രിയദര്‍ശിനി വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍.പാണ്ടിക്കാട്, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ കൃഷിഭവന് അയനിക്കോടും വില്ലേജ് ഓഫീസ് ചെറുക്കോടും സ്ഥിതി ചെയ്യുന്നു. ചാത്തങ്ങോട്ടുപുറം, പോരൂര്‍ എന്നിവിടങ്ങളിലായി രണ്ട് തപാല്‍ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍. വണ്ടൂര്‍ പോലീസ് സ്റ്റേഷനാണ് പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്.